Saturday, August 4, 2007

കോക് ടെയില്


ശമ്പളദിനം സുഭിക്ഷം ബാറില്‍
നരച്ച വെട്ടമൊരുപിടി കൊറിച്ച്
തണുത്തുറഞ്ഞ മോഹക്കട്ടകള്‍
പെറുക്കിയിട്ടു കത്തും നേരിന്‍
ചവര്‍പ്പു മോന്തി മയങ്ങിയാലും
വിളിച്ചുണര്‍ത്തിപ്പയ്യനേകും
സുഖിച്ചതിന്റെ കണക്കുചീട്ട്
നിതാന്ത സത്യം.

പ്രാകിത്തുറക്കുന്ന വീട്ടുകതക്
സമയസൂചിമുനനോട്ടമോടവള്‍
ചട്ടികള്‍ മുട്ടിക്കലമ്പിച്ചിന്തും
പരാതികള്‍ക്കൊപ്പം വിളമ്പും
പാതിവെന്തൊരമേരിക്കന്‍ പേറ്റന്റ്
ചോറിലലിയാത്ത ദണ്ഡിയുപ്പ്.

ചോന്നമുളകൊന്നു തെറ്റിക്കടിച്ച്
നീറുന്നു തൊണ്ട നാലാം ലോകത്തു
തങ്ങുമാഗോളീകൃതച്ചോറുരുള
താഴോട്ടില്ല മേലോട്ടും വിഴുങ്ങാന്‍
ജപ്പാന്‍ കുടിനീര്‍ തന്നടുത്തു ചേര്‍ന്നു
വാമഭാഗമെന്‍ കീശനാണ്യനിധി
ചോര്‍ത്തുന്നു ചെലവൊത്തേറുന്നില്ല
ശമ്പളം പിന്നാശ്രയം പടി കിമ്പളം.

നടുവൊന്നു നീര്‍ക്കാന്‍ കിടന്നപ്പോള്‍
ചുറ്റും കൊതുകാര്‍ത്തു രാമായണം
കഥപാടിക്കടിച്ചുറക്കത്തിനെ
കാവിചുറ്റിച്ചു കൊണ്ടുപോയ്.

കാലത്തു ഭാര്യ ചോദിച്ചിന്നലെ
കഴിച്ചതെന്തു കുന്തമാണുറക്കത്തില്‍
കവിതയായ് പിച്ചും പേയും പാടി
പിന്നെപ്പേടിച്ചു കൂവിക്കരഞ്ഞത്രേ.

മുഗള്‍ മൊണാര്‍ക്കിന്‍ മീതേ
ലണ്ടന്‍ പില്‍സ്നറുമൊരൌണ്‍സ്
ഡച്ച് വൈന്‍ സമം ഫ്രഞ്ച് കോന്യാക്ക്
കൂട്ടിനു ഫെനി പരന്ത്രീസ്
വോഡ്ക റഷ്യന്‍ വീര്യവും
വര്‍ണ്ണമതേതരം സോഡയും
പേരിനായ് മരുന്നിനു ദേശി
ദശമൂലാരിഷ്ടവും ചേര്‍ത്തു കൂട്ടിയ
കോക് ടെയില്‍ തന്‍ സ്വാദു നാവില്‍
തങ്ങുമിന്ത്യന്‍ സാധു ഞാന്‍.

തലേലെഴുത്തിന്റെ ചരിത്രവും
തലേന്നു കഴിച്ച മദ്യവും
ഉറക്കം വിട്ടുണര്‍ന്നാലും
തുടരുന്നു ഹാങ്ങോവറായ്.

ചാറ്റ് : ഒരു തിരക്കവിത


സ്ഥലം : വിരുന്നുപുര
സമയം : അപ്രസക്തം

ചെയ്ത പാപങ്ങളുടെ കണക്കുകള്‍
സമവാക്യ സിദ്ധാന്തങ്ങളിലൂടെ
സമര്‍ത്ഥിച്ചു തീര്‍ന്നപ്പോള്‍ കവി
മനസ്സും മതവും മാറി.

അവന്‍ രക്ഷിച്ചെടുത്ത
ആടിനെ വെട്ടുമ്പോള്‍
ഞങ്ങളാരും തന്നെ
കരഞ്ഞിരുന്നില്ല,
ആട് മാത്രം നിലവിളിച്ചു.
അതിനുമേല്‍ മുളക് പുരട്ടുമ്പോള്‍
അവളും കരഞ്ഞില്ല.
ഭക്ഷിക്കുമ്പോള്‍ മാത്രം
അവന്റെ കണ്ണുനിറഞ്ഞു
'അതിനുമാത്രം എരിവൊന്നും ചേര്‍ത്തിട്ടില്ല'
എന്നവള്‍ പറഞ്ഞപ്പോള്‍
ഞങ്ങള്‍ക്കൊപ്പം
അവനും ചിരിച്ചു.

അവധിക്കു വന്ന
വിദേശത്തു പഠിക്കുന്ന രാഹുലന്‍
പത്രം വായിക്കയായിരുന്നു.
ക്ലാസ്സ് റൂമിനുള്ളില്‍ മാഷിനെ
വെട്ടിക്കൊന്ന വാര്‍ത്തയുടെ ചിത്രം
മറിഞ്ഞു കിടക്കുന്ന ബെഞ്ച്.
ചിത്രത്തില്‍ നിന്നു കണ്ണെടുക്കാതെ
അവന്‍ ശകുന്തളക്കുട്ടിയോടു ചോദിച്ചു.
'ആര്‍ ദേ സ്റ്റില്‍ യൂസിങ്
ദീസ് ഏന്‍ഷ്യന്റ് ഫര്‍ണിച്ചര്‍
അറ്റ് സ്കൂള്‍സ് ഹിയര്‍?'
ഉയര്‍ന്നുവന്ന നെടുനിശ്വാസം
അവള്‍ നെഞ്ചിലടക്കി.

പന്തിരണ്ടു തെകയാത്ത കാലത്ത്
നെഞ്ചത്തെ വളരാത്ത ശവങ്ങളെ നോക്കി
നെടുവീര്‍പ്പിട്ട പവാനിക്കുട്ടിക്ക്
പന്തീരാണ്ടു ചെന്നുണ്ടായ മകള്‍,
ശകുന്തങ്ങളുടെ ബ്രോയിലര്‍ ഫാമില്‍ വളര്‍ന്ന
പത്തുവയസ്സുള്ള ശകുന്തളക്കുട്ടി
തോഴിയെ വിളിച്ചു.
'ഇതൊന്നയച്ചു തരൂ പ്രിയംവദേ
ഒരു നെടുവീര്‍പ്പിടട്ടേ.'

'ഇപ്പോഴും നീ പേക്കിനാവില്‍
തുറുകണ്ണുകള്‍ കണ്ട്
ഞെട്ടിയുണരാറുണ്ടോ?'
ചോദ്യമെറിഞ്ഞ രാവണന്റെ
ഇരുപതു കണ്ണുകള്‍
തെറിച്ചുനിന്ന കണ്ണുകളെ
മുറിച്ചു.

'ചാനലില്‍ അവദാരഗ-
യായ ഷേഷം തീരെയില്ല.'
കണ്ണും കയ്യും മുദ്രകാട്ടി
ചുണ്ടു കൂര്‍പ്പിച്ചവള്‍ കുറുകി.
ഫോണ്‍ ഇന്‍ പ്രോഗ്രാമിലേയ്ക്ക്
അഴകിയ രാവണന്റെ
നൂറു വിരലുകളും
എസ്സെമ്മെസ്സയച്ചു തളര്‍ന്നു.
മുറുക്കമയഞ്ഞ മുഷ്ടിയിലെ
സെല്‍ഫോണില്‍ സന്ദേശം
'റീചാര്‍ജ്ജ് ചെയ്യാന്‍
ഒന്നില്‍ വിളിക്കുക
മറ്റു സേവനങ്ങള്‍ക്ക്
മണ്ഡോദരിയെയും.'

വാത്സല്യായനന്‍ മൊഴിഞ്ഞു:
'എന്റെ മകള്‍ രാകേന്ദുവിന്റെ
ആണ്‍പേടി ഞാന്‍ മാറ്റി
മദ്ധ്യവേനലവധിയില്‍
അറുപത്തിനാലു നാളത്തെ
വികസന ശില്പശാലയും
അമ്മേടെ ക്യാപ്സൂള്‍ കോഴ്സും.'
ഇന്നലെ യാത്രാവണ്ടിയില്‍
പിന്നാലെ കൂടിയ പിശാചിനോട്
അവള്‍ ചൊന്ന വാക്യമിത്,
'ഡോണ്ട് സ്പോയില്‍ മൈ യൂനിഫോം.'
പാണിനിഗുരു പാണിഘോഷം മുഴക്കി
'ഭാരതസ്ത്രീകള്‍ തന്‍ ഭാഷാശുദ്ധി.

വറ്റിയ പുഴത്തിണ്ടിലെയിരുട്ടില്‍
മണ്ണുണ്ണിവണ്ടികളുടെ
മങ്ങിയ വെട്ടം,
സഞ്ചാരി നാരദന്‍ പാടി-
'കെട്ടിടങ്ങളുടെ കെട്ടുകാഴ്ച്ചയാണമേരിക്ക
കേട്ടിട്ടില്ലവിടെ മണലൂറ്റിന്‍ വിവാദം.'

ഇഷ്ടികച്ചൂളകളാല്‍
നികന്ന വയലിന്നക്കരെ
ടൂറിസം മേളയ്ക്കൊരുങ്ങുന്ന ഇട്ട്യാതിയുടെ
കള്ളിന്റെയിനിപ്പാര്‍ന്ന
നാടന്‍പാട്ട്.
കാഞ്ഞിരമാലയെത്തോറ്റുന്ന ചാറ്റ്
വിരുന്നുപുരക്കോണിലിരുന്ന
തിരുവരങ്കന്‍ മുത്തശ്ശനേറ്റു പാടി.
'ഏയയ്യോ ഏയോ ഏയോ
ഏയയ്യോ ഏയോ ഏയോ...'

രാഹുലനും ശകുന്തളക്കുട്ടിക്കും കൌതുകം
'നൈസ് സോങ്ങ്, വാട്സ് ഇറ്റ് ഓള്‍ഡ് മാന്‍?'
'ചാറ്റ് മക്കളേ, ചാറ്റു സോങ്ങ്.'

വന്യതാളങ്ങളാവാഹിച്ച വിരലുകള്‍
വായ്ത്താരിച്ചാറ്റിന്റെയൂറ്റത്തില്‍

കമ്പ്യൂട്ടര്‍ കീബോര്‍ഡ് വിറപ്പിച്ച്
ഒറ്റയിരട്ട ക്ലിക്ക് ചെയ്ത്
വിന്ഡോകള്‍ തള്ളിത്തുറന്ന്
നെറ്റിലിറങ്ങിയ കൂട്ടണി
ചാറ്റ് റൂമില്‍ പുത്തന്‍ ചാറ്റുപാടി.

മദര്‍ബോര്‍ഡിന്റെ നടുക്കത്തില്‍
വിരുന്നുപുരയുടെ ആരൂഢമുലഞ്ഞു
ഉറഞ്ഞിറങ്ങിയ ഐക്കണ്‍ കോലങ്ങള്‍
വൈറസുകളെക്കാള്‍ വേഗത്തില്‍
വെബ്കവിഞ്ഞൊഴുകിപ്പരന്ന്
മൌസിനെ വട്ടമിട്ടു.
മൌസിന്മേലെഴുന്നള്ളിയ
ഗണപതിത്താളത്തില്‍ തുടങ്ങി
സരസ്വതിത്താളം ചവിട്ടി
പതിഞ്ഞ ശവതാളം വരെ.

കാളി കൂളി കാഞ്ഞിരമാല
കുരുംബ കുട്ടി കുറുഞ്ചാത്തി
മാക്ഷി മാടനറുകൊല മറുത
പേച്ചി മുത്തി പിള്ളതീനി
ഒറ്റമുലച്ചിയങ്കാള്‍ ഭൈരവി
ഇടനാട്ടുവീരന്‍, വേറെയും
നൂറായിരത്തെട്ടു തേവരേ, ചാറ്റി-
ത്തോറ്റുന്ന പൈതലിന്നക-
ക്കണ്ണില്‍ വെളിച്ചപ്പെട്ടുണര്
കരളിലകംപൊരുളായി വളര്.

'ഏയയ്യോ ഏയോ ഏയോ
ഏയയ്യോ ഏയോ ഏയോ...'

യാത്രാച്ചിന്ത്

ഇടയകലത്തിന്റെയടുപ്പം
ഇണചേരാപ്പാളങ്ങള്‍
കറുത്ത സ്നേഹമൂറ്റിക്കുടിച്ച്
കടന്നുപോകുന്ന കാലം
തേഞ്ഞു തീരുന്നതറിയാതെ
തെന്നി നീങ്ങുന്ന ചാടുകള്‍.

നേരത്തേ ചീട്ടെടുത്താലും
നേരം തെറ്റുന്ന വണ്ടി
അര്‍ത്ഥം നോക്കി പേരിട്ടാലും
പാളം തെറ്റുമനര്‍ത്ഥങ്ങള്‍
പഥികന്റെ പേരിന്റെ ഭാരം
പശയടര്‍ന്ന പട്ടിക.

മടിയില്‍ വീണ മഞ്ഞക്കാര്‍ഡില്‍
മണ്ണട്ടകളിഴയുന്നു
അഴുക്കിന്റെയറ്ദ്ധതാര്യതയില്‍
അച്ചടിപ്പിഴയുടെ മുഴപ്പ്
നീട്ടിയ വളക്കയ്യില്‍
തെളിയുന്നതേയുള്ളു രേഖകള്‍
നാളത്തെയിര.

കണ്ണു ചൂഴ്ന്ന പാട്ട്
കണ്തുറന്നുറങ്ങുന്നവന്റെ
കാല്‍ തടഞ്ഞുവീഴുന്നു.

നടുകൂന്നു കടത്തുമച്ഛന്‍
മറുകരയില്‍ മറവിയാകും
കുറുകെയൊഴുകുമമ്മയ്ക്ക്
കൈവീശി വിട.

കെട്ടിത്തന്ന വഴിച്ചോറ്
കെട്ടുപോകും മുമ്പുണ്ണണം
പൊതിഞ്ഞ സ്വപ്നം ചുരുട്ടി
എറിയാം പാതയോരത്ത്.

ജനിപ്പിച്ച ശാപമേറ്റുവാങ്ങി
വഴിപ്പിച്ച തെണ്ടാമെങ്കില്‍
ഇടയ്ക്കൊന്നിണചേരാം.

ചുമക്കാനൊന്നുമില്ലെങ്കില്‍
യാത്രയേറെ സുഖപ്രദം
ഒടുക്കമൊറ്റയ്ക്കിറങ്ങുമ്പോള്‍
തനിക്കു ചുമടു താന്‍ തന്നെ.

ഇണതെറ്റാതിഴയുമ്പോഴും
ഇണചേരാത്ത പാളങ്ങള്‍.

കേഴളം

മടവീഴാതെ പാടം കാക്കാന്‍
മറുതാച്ചിക്കു വെള്ളനേദ്യം
പഞ്ഞമാസപ്പുല്‍ച്ചാടിക്ക്
കട്ടുറുമ്പിന്റെ വട്ടിപ്പണം
വരമ്പത്ത് വയല്‍ക്കണ്ണിപ്പൂ
വാച്ചാലില്‍ പരലിണ
പെരുക്കനീറ്റില്‍ കരിഞ്ചേര
അള മുട്ടിക്കാതെയമ്മിണി
തടത്തില്‍ തിരിനീട്ടി മാണം
വാഴയ്ക്കുണ്ടോ നാണം
കളം തൂര്‍ത്തു പതം വാങ്ങി
കടം തീര്‍ത്ത് കരുമാടിപ്പൂരം.

കരിനിലം കട്ടക്കളം
റിസോര്‍ട്ടില്‍ വാല്‍മാക്രി
ഹൌസ്ബോട്ടില്‍ നതോന്നത
നെറികെട്ട മണ്ണിനും
പെണ്ണിനും പെയ്ത്ത്.

ചിറകറ്റ മഴപ്പാറ്റ
കുന്നുമ്മച്ചിറ താണ്ടി
പൂക്കൈതപ്പുഴ നീന്തി
അഴിതേടിയാഴി തേടി
അഴിയാ പൊന്നഴിയാ
അഴിപൊഴി കേഴളം.

വിരല്‍

അമ്പിനു പ്രണയം ഇരയോട്
കയറിന് കാളക്കഴുത്തിനോട്
കടലിന് കരയില്‍ പിടയുന്ന മീനിനോട്
ആകാശത്തിന് പൊലിഞ്ഞടരുന്ന
നക്ഷത്രത്തിനോട്
വേരിന് വറ്റിയ കിണ്റിനോട്
പൂവിന് ശലഭമാകാതെ പോയ
മുട്ടയോട്
ആരുമില്ലാത്തവന്
അവനോടു തന്നെയും.

പുഴയില്‍ തുണി കഴുകുന്ന
പെണ്‍കുട്ടി പറഞ്ഞു
'എന്റെ പ്രേമം
ഈ വിരലിനോട്
കാണാച്ചുളിവുകളിലെ
ചെളി കളയാനും
സോപ്പുപത നീറുന്ന
കണ്ണു തുടയ്ക്കാനും
കാട്ടപ്പകള്‍ക്കിടയില്‍
ഒളിഞ്ഞുനോക്കുന്ന
കരിങ്കണ്ണില്‍ ചൂണ്ടാനും
ഇതു മാത്രമല്ലേയുള്ളൂ.

പണിയൊഴിഞ്ഞ നേരത്ത്
എങ്ങും പോകാതെ തന്നെ
എവിടൊക്കെ കൊണ്ടുപോയി
എന്തെല്ലാം കാണിച്ചുതന്നു
ഇത്തിരിപ്പോന്ന
ഈ വിരല്‍.'

പഴനീരാണ്ടി

കാല്‍നഖങ്ങളാകാശത്തിലാഴ്ത്തി
കൈകള്‍ മണ്ണിലേക്കു നീട്ടി
ഇവിടെ ഞാനുണ്ട്
തലകീഴെങ്കിലങ്ങനെ.

പശുവല്ല പക്ഷിയല്ല
പാതിയായ പടപ്പിത്
പാടിയാരുമുറക്കേണ്ട
കൂടുകെട്ടി വളര്‍ത്തേണ്ട
കാലമടര്‍ന്ന മുള്ളിലവില്‍
നാളേയ്ക്കു നീണ്ട
നാണം പൊഴിഞ്ഞ നടുക്കൊമ്പില്‍
എനിക്കു തൊട്ടില്‍ ഞാന്‍ തന്നെ
എനിക്കു ചിറകും ഞാന്‍ തന്നെ.

കടുക്കും കാഞ്ഞിരക്കാ
ചവര്‍ക്കും തേങ്കൊട്ട താന്നി
ചതിക്കും ചേര്‍ക്കാ കടുക്ക
ചുവയ്ക്കും ചെമ്പുന്ന
മലങ്കാര കുരുട്ടുനെല്ലി
കറ കശര്‍ക്കും മരോട്ടിക്കാ
കനല കാരയനി ഞാറ
നുരയുമാരമ്പുളി മനം
മയക്കും പനമ്പഴച്ചാറ്
വിലക്കപ്പെട്ട കനിയേത്
വിഷം കാത്തുവെച്ചതേത്
പഴുത്തുള്ളതിന്റെയൊക്കെ
ഉള്ളറിഞ്ഞ പഴനീരാണ്ടി.

കുലയ്ക്കുന്നതു നിനക്ക്
കുടപ്പനന്‍ തേനെനിക്ക്
പഴുത്തിട്ടും പറിക്കാഞ്ഞാല്‍
കരുംപാണ്ടിയെനിക്ക്.

കണ്ണിലല്ല കാഴ്ച്ച
ഉള്ളുകൊണ്ടു തൊട്ടറിഞ്ഞ
കമ്പനങ്ങളെന്റെ ലോകം
കൂവലില്ല തൂവലില്ല
കായ്കള്‍ തിന്നു വിത്തെറിഞ്ഞ
കാവില്‍ നിന്നുറന്ന പാട്ട്.

പാഴടഞ്ഞ പഴംകെട്ടില്‍
പാതിരാക്കോഴിയും പുള്ളും
പാടും പിശാചും യക്ഷിയും
പ്രേതങ്ങള്‍ക്കു കൂട്ട്, ഡ്രാക്കുള
പരമ്പരപ്പെട്ടിയില്‍.
വേരുള്ള കാലം മുള്‍മരത്തില്‍
തലകീഴ് ഞാന്നു വേതാളമായ്
കഥചൊല്ലി ഞാനുണ്ടാവും.

പകലും രാവുമില്ലാത്ത
പക്ഷിപാതാളത്തില്‍ നിന്നെന്‍
ചിറകൊച്ച കേള്‍ക്കുമോരോ
പഴവും കാലമായാല്‍.

സതി

രതി മടുത്തപ്പോള്‍
അവളൊരു ചിത കൂട്ടി
അവസാനത്തെ ചന്ദനമുട്ടി
ആകാശം മറച്ചപ്പോഴും
അവന്‍ വീര്‍പ്പടക്കി കിടന്നു
അടിമുടിയാളി-
പ്പടരുമാശ്ലേഷത്തിന്റെ
ഉലയുരുക്കിയ
ലോഹഗന്ധകഭാസ്വരങ്ങളുടെ
ഉച്ചസ്ഫടികസീല്‍ക്കാ‍ര
മാറ്റൊലി പോലെ
പച്ചയുടലിന്റെ നിലവിളി
നേര്‍ത്തൊടുങ്ങി.

ചന്ദനത്തിരികളെരിഞ്ഞു
മണം പരത്തിയ
മണിയറയിലേയ്ക്കെന്നോണം
ഏഴുചുവടുകള്‍ വെച്ച് അവന്റെ
തീക്കിടക്കയിലേയ്ക്ക് ചാഞ്ഞ്
അവള്‍ സതി വരിച്ചു.

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal