ഇടയകലത്തിന്റെയടുപ്പം
ഇണചേരാപ്പാളങ്ങള്‍
കറുത്ത സ്നേഹമൂറ്റിക്കുടിച്ച്
കടന്നുപോകുന്ന കാലം
തേഞ്ഞു തീരുന്നതറിയാതെ
തെന്നി നീങ്ങുന്ന ചാടുകള്‍.
നേരത്തേ ചീട്ടെടുത്താലും
നേരം തെറ്റുന്ന വണ്ടി
അര്‍ത്ഥം നോക്കി പേരിട്ടാലും
പാളം തെറ്റുമനര്‍ത്ഥങ്ങള്‍
പഥികന്റെ പേരിന്റെ ഭാരം
പശയടര്‍ന്ന പട്ടിക.
മടിയില്‍ വീണ മഞ്ഞക്കാര്‍ഡില്‍
മണ്ണട്ടകളിഴയുന്നു
അഴുക്കിന്റെയറ്ദ്ധതാര്യതയില്‍
അച്ചടിപ്പിഴയുടെ മുഴപ്പ്
നീട്ടിയ വളക്കയ്യില്‍
തെളിയുന്നതേയുള്ളു രേഖകള്‍
നാളത്തെയിര.
കണ്ണു ചൂഴ്ന്ന പാട്ട്
കണ്തുറന്നുറങ്ങുന്നവന്റെ
കാല്‍ തടഞ്ഞുവീഴുന്നു.
നടുകൂന്നു കടത്തുമച്ഛന്‍
മറുകരയില്‍ മറവിയാകും
കുറുകെയൊഴുകുമമ്മയ്ക്ക്
കൈവീശി വിട.
കെട്ടിത്തന്ന വഴിച്ചോറ്
കെട്ടുപോകും മുമ്പുണ്ണണം
പൊതിഞ്ഞ സ്വപ്നം ചുരുട്ടി
എറിയാം പാതയോരത്ത്.
ജനിപ്പിച്ച ശാപമേറ്റുവാങ്ങി
വഴിപ്പിച്ച തെണ്ടാമെങ്കില്‍
ഇടയ്ക്കൊന്നിണചേരാം.
ചുമക്കാനൊന്നുമില്ലെങ്കില്‍
യാത്രയേറെ സുഖപ്രദം
ഒടുക്കമൊറ്റയ്ക്കിറങ്ങുമ്പോള്‍
തനിക്കു ചുമടു താന്‍ തന്നെ.
ഇണതെറ്റാതിഴയുമ്പോഴും
ഇണചേരാത്ത പാളങ്ങള്‍.
Saturday, August 4, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment