കാല്‍നഖങ്ങളാകാശത്തിലാഴ്ത്തി
കൈകള്‍ മണ്ണിലേക്കു നീട്ടി
ഇവിടെ ഞാനുണ്ട്
തലകീഴെങ്കിലങ്ങനെ.
പശുവല്ല പക്ഷിയല്ല
പാതിയായ പടപ്പിത്
പാടിയാരുമുറക്കേണ്ട
കൂടുകെട്ടി വളര്‍ത്തേണ്ട
കാലമടര്‍ന്ന മുള്ളിലവില്‍
നാളേയ്ക്കു നീണ്ട
നാണം പൊഴിഞ്ഞ നടുക്കൊമ്പില്‍
എനിക്കു തൊട്ടില്‍ ഞാന്‍ തന്നെ
എനിക്കു ചിറകും ഞാന്‍ തന്നെ.
കടുക്കും കാഞ്ഞിരക്കാ
ചവര്‍ക്കും തേങ്കൊട്ട താന്നി
ചതിക്കും ചേര്‍ക്കാ കടുക്ക
ചുവയ്ക്കും ചെമ്പുന്ന
മലങ്കാര കുരുട്ടുനെല്ലി
കറ കശര്‍ക്കും മരോട്ടിക്കാ
കനല കാരയനി ഞാറ
നുരയുമാരമ്പുളി മനം
മയക്കും പനമ്പഴച്ചാറ്
വിലക്കപ്പെട്ട കനിയേത്
വിഷം കാത്തുവെച്ചതേത്
പഴുത്തുള്ളതിന്റെയൊക്കെ
ഉള്ളറിഞ്ഞ പഴനീരാണ്ടി.
കുലയ്ക്കുന്നതു നിനക്ക്
കുടപ്പനന്‍ തേനെനിക്ക്
പഴുത്തിട്ടും പറിക്കാഞ്ഞാല്‍
കരുംപാണ്ടിയെനിക്ക്.
കണ്ണിലല്ല കാഴ്ച്ച
ഉള്ളുകൊണ്ടു തൊട്ടറിഞ്ഞ
കമ്പനങ്ങളെന്റെ ലോകം
കൂവലില്ല തൂവലില്ല
കായ്കള്‍ തിന്നു വിത്തെറിഞ്ഞ
കാവില്‍ നിന്നുറന്ന പാട്ട്.
പാഴടഞ്ഞ പഴംകെട്ടില്‍
പാതിരാക്കോഴിയും പുള്ളും
പാടും പിശാചും യക്ഷിയും
പ്രേതങ്ങള്‍ക്കു കൂട്ട്, ഡ്രാക്കുള
പരമ്പരപ്പെട്ടിയില്‍.
വേരുള്ള കാലം മുള്‍മരത്തില്‍
തലകീഴ് ഞാന്നു വേതാളമായ്
കഥചൊല്ലി ഞാനുണ്ടാവും.
പകലും രാവുമില്ലാത്ത
പക്ഷിപാതാളത്തില്‍ നിന്നെന്‍
ചിറകൊച്ച കേള്‍ക്കുമോരോ
പഴവും കാലമായാല്‍.
Saturday, August 4, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment