പദസമ്പത്തില്‍ തുഞ്ചനെക്കാള്‍ മുമ്പന്‍. പോര.... പുതിയ പദങ്ങള്‍ മൊഴിയാക്കി, കവിതയെ ജനങ്ങളിലെത്തിച്ച കലക്കത്തെ കവിവരന്‍. നാടന്‍ ചൊല്ലുകളും ലോകോക്തികളും കലര്‍ന്ന ശൈലി. ഹാസ്യത്തിന്റെ കത്തിമുന സമൂഹത്തിന്റെ നെഞ്ചില്‍. വിശാലവും സ്വതന്ത്രവും ലളിതവുമായ ഭാഷ അന്നേ ഉപയോഗിച്ച, കുഞ്ചന്‍ നമ്പ്യാരുടേതായി ഇവിടെ എടുത്തു പ്രയോഗിക്കാവുന്ന വരികള്‍ ഏറെയുണ്ട്. ഉചിതമെന്നു തോന്നിയത് കൊടുക്കുന്നു...
ഭടജനങ്ങളെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരളഭാഷ തന്നെ ചിതം വരൂ....
ശ്രീകൃഷ്ണചരിതം മണിപ്രവാളം
പീലിക്കാറണികുഴലും കളായമാലാ-
നീലത്വം കലരുമൊരംഗകാന്തിയും കേള്‍
നീലക്കണ്ണിണയുമുദാരഹാസഭാസ്സും
ബാലശ്രീപതിയുടെ ലക്ഷണം വിശേഷാല്‍
വണ്ടേ നീ വിരവൊടു വാസുദേവരൂപം
കണ്ടീലെന്നതു നിയതം കളിച്ചു ചൊല്ലാം
കണ്ടാകില്‍ തിരുമുഖപദ്മ സൌരഭത്തെ
കൊണ്ടാടിപ്പുനരവനെ ത്യജിക്കുമോ നീ
വര്‍ണ്ണിപ്പിന്‍ കുയിലുകളേ കുമാരകന്റെ
വര്‍ണ്ണശ്രീമധുരമതായ വേണുനാദം
കര്‍ണ്ണങ്ങള്‍ക്കമൃതമതെന്നറിഞ്ഞുകൊള്‍വിന്‍
നിര്‍ണ്ണീതം സുകൃതികളേ ശ്രവിപ്പു താനും
ആടീടും മയിലുകളേ മനോജ്ഞരാഗം
പാടീടും മധുരിപുരൂപകാന്തി കണ്ടാല്‍
വാടീടും ഗളതലകാന്തിയുഷ്മദീയം
കൂടീടും മനസി ഭവാദ്യശര്‍ക്കസൂയ
രാസക്രീഡനരതനായ പൂരുഷന്റെ
ഹാസശ്രീസമഗുണ രാജഹംസമേ നീ
രാധായാ രമണനെയിന്നു കണ്ടിതോ വാ-
നാധാരം പുനരവനുണ്ടു കേട്ടുകൊള്‍ക
ശ്രീവക്ഷസ്തടഭുവി കയ്സ്തുഭാഖ്യ രത്നം
ശ്രീവത്സം മറുവുമിദം വിശേഷചിഹ്നം
ഗോവിന്ദന്നപിച ദൂകുലമുണ്ടു പീതം
ഗോവൃന്ദങ്ങളിലവനുണ്ടൊരാനുകൂല്യം
വന്നാലും വനഗജമേ വനപ്രദേശേ
വന്നാനോ വരഗുണനായ വാസുദേവന്‍?
മന്ദം തല്‍ ഗമനവിലാസ ഭംഗി കണ്ടാല്‍
മന്ദാക്ഷം മനസി നിനക്കു സംഭവിക്കും
പതിന്നാലുവൃത്തം
കഠിനഗദകൊണ്ടു ഞാനൊന്നടിക്കും വിധൌ
ഝടിതി പൊടിഭസ്മമാമസ്മരീയാദികള്‍
തുടുതുടെയൊലിക്കുമച്ചോരയാം ചോലയില്‍
പൊടികളിട കൂടണം ചന്ദ്രചൂഡം ഭജേ
പടുതയൊടു ചെന്നു ദുര്യോധനന്‍ തന്നുടെ
തുടയിലടി കൂട്ടുവന്‍ കൂട്ടിയാര്‍ത്തീടുവന്‍
കുടിലമതിയായ ദുശ്ശാസനന്‍ തന്നുടെ
ഉടലുമഥ കീറുവന്‍ ചന്ദ്രചൂഡം ഭജേ
ജലനിധി കലങ്ങണം ചോരകൊണ്ടാഹവേ
കുലഗിരി കുലുങ്ങണം ശോണിതേ മുങ്ങണം
വലിയ തടിയുള്ള ഞാനങ്ങുമിങ്ങും രണേ
നലമൊടു പിണങ്ങണം ചന്ദ്രചൂഡം ഭജേ
ഇഹ വലിയൊരൂണിയായ്ത്തീര്‍ന്നു ഞാനിങ്ങനെ
ബഹുരുധിരമുണ്ടു ദുശ്ശാസനന്‍ മാറിലും
അഹമതി വിശപ്പു തീര്‍ത്തീടുവന്‍ സംഗരേ
നഹി കിമപി സംശയം ചന്ദ്രചൂഡം ഭജേ
തെളിവിലിഹ കാളിയും കൂളിയും വന്നുടന്‍
വളരുമൊരു ചോരയില്‍ കേളിയാടീടണം
കളകളഭയങ്കരം മുങ്ങിയും പൊങ്ങിയും
കളികളുളവാകണം ചന്ദ്രചൂഡം ഭജേ
പലപല കബന്ധവും നൃത്തമാടീടണം
തല പലതറുത്തു ഞാന്‍ പന്തടിച്ചീടുവന്‍
വലിയ കൊലയാനയെത്തല്ലിയോടിക്കണം
ചില വിരുതു കാട്ടണം ചന്ദ്രചൂഡം ഭജേ
അടിയനൊരരക്ഷണം പാര്‍ക്കയില്ലേതുമേ
ഝടിതി വിടകൊള്ളുവന്‍ കൊല്ലുവന്‍ ദുഷ്ടരെ
തടിയനുടെ വിക്രമം നന്നു കണ്ടാലുമി-
ന്നടിയുമിടിയും ഭവാന്‍ ചന്ദ്രചൂഡം ഭജേ
നളചരിതം
നളനുടെ വചനം കേട്ട ദശായാം
കളമൊഴി മുഖവും താഴ്ത്തിച്ചൊന്നാള്‍:
“വളരെപ്പറയരുതെന്നൊടു ദൂതാ
കളിവചനങ്ങള്‍ കുറച്ചാലും നീ
ഹൃദയം കൊണ്ടൊരു പുരുഷനെ മുന്നം
സദയം ഞാനിഹ വരണം ചെയ്തു
അവനല്ലാതൊരു പുരുഷനെ ഞാനി-
ബ്ഭുവനം മൂന്നിലുമിച്ഛിച്ചീടാ
പടുമതിയാമാ വല്ലഭനിപ്പോള്‍
ഝടിതി വരും മമ വേളികഴിപ്പാന്‍
എന്നുടെ രമണനു ശരിയായിട്ടൊരു
സുന്ദരനില്ല ജഗത്ത്രയവാടേ
നിന്നുടെ ചെവിയില്‍ കേളാഞ്ഞെന്തേ
മന്നവമണിയാം നിഷധേശ്വരനെ?
ഇന്ദ്രാദികളും ചന്ദ്രാദികളും
ചന്ദ്രമുഖന്മാര്‍ മറ്റുള്ളവരും
കുന്നിച്ചീടിന പണമുള്ളവരും
സുന്ദരനെന്നു നടിക്കുന്നവരും
ഈരേഴുലകിലുമമരും പുരുഷരി-
ലാരുമെനിക്കിഹ വരനാകേണ്ടാ
വീരശിരോമണി നളഭൂപാലന്‍
ചാരുഗുണാകരനെന്നുടെ കാന്തന്‍
നളനൃപനെന്നുടെ വരനായ് വരുവാന്‍
തെളിവൊടു ദേവവരന്മാരവര്‍ മമ
പെരുകിയ കൃപയൊടു വരമരുളേണം
വരമിദമേവ ഹി ദേവന്മാരേ!”
Wednesday, November 14, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment