“നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍“ എന്നു തുടങ്ങുന്ന പഞ്ചാക്ഷരകീര്‍ത്തനവും
“ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേന്‍“
“അഞ്ജനശ്രീധര ചാരുമൂര്‍ത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്”
“പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം” എന്നു തുടങ്ങുന്ന സ്തുതികളും
“അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ” എന്ന ആനന്ദനൃത്തവും തന്ന ഭക്തകവി.....
കാലമെന്ന സമയചക്രത്തിന്റെ പ്രയാണത്തിലൂടെ തത്ത്വചിന്തയിലേയ്ക്കും, കര്‍മ്മത്തെയും പിന്നെ ജീവഗതിയെയും കുറിച്ച് പറയുന്ന ജ്ഞാനപ്പാന, ഭാരതദേശത്തിന്റെ മഹിമ സൂചിപ്പിക്കുന്നു. കലിയുഗത്തിന് നമസ്കാരമര്‍പ്പിച്ച്, മനുഷ്യജന്മത്തിന്റെ സുകൃതം വിവരിച്ച്, സംസാരസാഗരത്തിലേയ്ക്ക് കടക്കുന്ന വിസ്മയം.
ഇന്നലെയോളമെന്തെന്നറിഞ്ഞീല
ഇന്നി നാളെയുമെന്തെന്നറിഞ്ഞീല
ഇന്നിക്കണ്ട തടിയ്ക്കു വിനാശവും
ഇന്ന നേരമെന്നേതുമറിഞ്ഞീല
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്
മാളികമുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേ കണ്ടങ്ങറിയുന്നതു ചിലര്‍
മനുജാതിയില്‍ത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോര്‍ക്കണം
പലര്‍ക്കുമറിയേണമെന്നിട്ടല്ലോ
പല ജാതി പറയുന്നു ശാസ്ത്രങ്ങള്‍
കര്‍മ്മത്തിലധികാരി ജനങ്ങള്‍ക്കു
കര്‍മ്മശാസ്ത്രങ്ങളുണ്ടു പലവിധം
ജ്ഞാനത്തിന്നധികാരി ജനങ്ങള്‍ക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ
സാംഖ്യശാസ്ത്രങ്ങള് യോഗശാസ്ത്രങ്ങളും
സംഖ്യയില്ലതു നില്ക്കട്ടെ സര്‍വ്വവും
ചുഴന്നീടുന്ന സംസാരചക്രത്തില്‍
ഉഴന്നീടും നമുക്കറിഞ്ഞീടുവാന്
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാര്‍ത്ഥമരുള്‍ചെയ്തിരിക്കുന്നു
എളുതായിട്ടു മുക്തി വരുത്തുവാന്‍
ചെവി തന്നിതു കേള്‍പ്പിനെല്ലാവരും
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലര്‍
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതികെട്ടു നടക്കുന്നിതു ചിലര്‍
ചഞ്ചലാക്ഷിമാര്‍ വീടുകളില്‍ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലര്‍
കോലകങ്ങളില്‍ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലര്‍
ശാന്തിചെയ്തു പുലര്‍ത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലര്‍
കൊഞ്ചിക്കൊണ്ടു വളര്‍ത്തൊരു പൈതലെ
കഞ്ഞിക്കില്ലാഞ്ഞു വില്ക്കുന്നിതു ചിലര്‍
അമ്മയ്ക്കും പുനരച്ഛനും ഭാര്യക്കും
ഉണ്ണാന്‍ പോലും കൊടുക്കുന്നില്ലാ ചിലര്‍
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തില്‍പ്പോലും കാണുന്നില്ലാ ചിലര്‍
സത്തുക്കള്‍ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോള്‍
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നൂ ചിലര്‍
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രേ പറയുന്നിതു ചിലര്‍
കാണ്ക നമ്മുടെ സംസാരം കൊണ്ടത്രേ
വിശ്വമീവണ്ണം നില്പ്പൂവെന്നും ചിലര്‍
ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്മാവുമെനിക്കൊവ്വായെന്നും ചിലര്‍
.............................................................
.............................................................
പത്തു കിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോള്
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കന്നു
വേര്‍വിടാതെ കരേറുന്നു മേല്ക്കുമേല്
സത്തുക്കള്‍ ചെന്നിരന്നാലായര്ത്ഥത്തില്
സ്വല്പമാത്രം കൊടാ ചില ദുഷ്ടര്‍
ചത്തുപോം നേരം വസ്ത്രമതുപോലും
ഒത്തിടാ കൊണ്ടുപോകാനൊരുത്തര്‍ക്കും
........................................................
.......................................................
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ...
Tuesday, November 6, 2007
Subscribe to:
Post Comments (Atom)
1 comment:
ഉമ്മ ചെറുപ്പത്തില്‍ ഈ വരികള്‍ പാടിത്തന്നിരുന്നു.
കൂടിയല്ലാ ജനിക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേ ഇങ്ങിനെ കണുന്ന നേരത്തു
മല്സരിക്കുന്നതെന്തിനു നാം വൃഥാ?
സ്വല്പം കവിതയും വലിയ നാട്യവും ഉള്ള ഒരാളാണു ഞാന്‍. നാട്യം വേണമെന്നു ഉമ്മ പറഞ്ഞിരുന്നില്ല. പക്ഷെ പൂന്താനം ഉമ്മയുടെ ഇഷ്ട കവിയയിരുന്നു.പഠിച്ചോ നന്നാവും എന്നും പറഞ്ഞിരുന്നു.
സി.പി.അബൂബക്കര്‍
Post a Comment