Wednesday, November 21, 2007

നടുവത്ത് മഹന്‍ നമ്പൂതിരി

സന്താനഗോപാലം, അംബാസ്തവം, സാരോപദേശ ശതകം, ആശ്രമപ്രവേശം തുടങ്ങിയവയുടെ കര്‍ത്താവ്. ‘ഭക്തിലഹരി’യെന്ന ഭാഗവതസാര സംഗ്രഹരചനയുടെ അവസാനഭാഗത്തുള്ള ‘ഉപദേശ സ്തവ‘ത്തിലെ കുറച്ചു വരികള്‍.


ഉപദേശ സ്തവം

പുരുവേദാന്ത സിദ്ധാന്തപ്പൊരുളെന്നു പുകഴ്ന്നവന്‍
ഗുര്രു ഗോവിന്ദനാനന്ദക്കരു കാക്കട്ടെ നമ്മളെ
നരരായിപ്പിറന്നേവം നരകത്തില്‍ക്കളിക്കുവോര്‍
കരകേറാന്‍ ചിദാനന്ദപരനെത്തന്നെയോര്‍ക്കണം
കാണുന്നതൊന്നുമിങ്ങില്ലെന്നാണുറയ്ക്കുന്നതെങ്കിലോ
താണുപോ,കതുയര്‍ച്ചയ്ക്കു കാണും മാര്‍ഗ്ഗം ജനങ്ങളേ.
മായാമയനുറക്കത്തിലായാല്‍ത്തീര്‍ന്നൂ ചരാചരം
പോയാക്ഷണത്തിലടയുമായാളിലുണരും വരെ.
ചുട്ടികുത്തിച്ചുടന്‍ വേഷം കെട്ടിച്ചിട്ടു നമ്മളെ
കൊട്ടിപ്പാടിക്കളിപ്പിച്ചു വിഡ്ഢിയാക്കുന്നു മാധവന്‍.
വേഷം നന്നാകുവാനോരോ ഭോഷത്തം നമ്മള്‍ കാട്ടിടും
ശേഷസായിത്തിരിപ്പാണെന്നീഷലി,ലറിയില്ലൊരാള്‍.
കലാശമവതാളത്തില്‍ കലാശിക്കുന്നു നമ്മളും
ബലാലിക്കളിയില്‍പ്പാപ കലാപം ഫലമായ് വൌം
കടിഞ്ഞാണിട്ട കുതിരപ്പടി നമ്മളെയീശ്വരന്‍
പിടികൂടി നടത്തുന്നു വെടിയ,ല്ലോര്‍ത്തു നോക്കുവിന്‍
ദിനം തോറും മരിക്കുന്നു ജനം, കാണുന്നു നമ്മളും
നിനയ്ക്കില്ലെങ്കിലും ചാക്കുണ്ടെനിക്കെന്നുള്ള വാസ്തവം
ഒരു രാപ്പകല്‍ പോകുമ്പോളൊരു നാഴികയെങ്കിലും
ഗുരുവാം ചിന്മയന്‍ തൃക്കാല്‍ കരുതാത്തതതിക്രമം
ആരാ,ണാരുടെ,യാണിഷ്ടന്മാരാ,രെങ്ങുന്നു വന്നു നാം
പോരാ, പോകുന്നതെങ്ങോട്ടെന്നാരാണോര്‍ക്കുന്നതൂഴിയില്‍
കുടുംബം കാക്കലും മറ്റു കുടുംബങ്ങള്‍ മുടിയ്ക്കലും
മിടുക്കാവില്ലൊരുത്തര്‍ക്കുമൊടുക്കം നില തെറ്റിടും
പുത്രമിത്രകളത്രാദിയെത്ര നിസ്സാരമോര്‍ക്കുകില്‍
എത്രനാള്‍ നില്‍ക്കു,മതിലെന്തിത്ര സക്തിക്കു കാരണം
വഴിക്കുവഴി നാം വീട്ടില്‍ക്കഴിക്കും കാര്യമോര്‍ക്കുകില്‍
വഴിയമ്പലമേറുന്ന വഴിപോക്കര്‍ കണക്കു താന്‍
മരിച്ചാല്‍ പണമുള്ളോനും ദരിദ്രനുമൊരാശ്രയം
ദുരിതം സുകൃതം രണ്ടും സ്മരിക്കണമിതേവനും
ഇഷ്ടബന്ധുക്ക,ളബ് ഭാര്യ തൊട്ട കൂട്ടരശേഷവും
കഷ്ടമേ പട്ടടക്കാട്ടിലിട്ടെറിഞ്ഞു നടന്നിടും
ഞാനെന്നുള്ളൊരഹാംഭാവം ജ്ഞാനമില്ലായ്ക കാരണം
മാനവര്‍ക്കിതുതാന്‍ മുഖ്യസ്ഥാനമാപത്തിനോര്‍ക്കണം
മക്കളെയും ഭാര്യയെയും പൈക്കളേയും നിനയ്ക്കൊലാ
ഉള്‍ക്കളേ ജഗദീശന്റെ നല്‍ക്കളേബരമോര്‍ക്കുവിന്‍
തിരക്കാണിന്നു, ഭഗവത് സ്മരണം നാളെയ്യെന്നു നാം
കരുതായ്ക, മരിച്ചിടുന്നൊരു നാളാ‍ര്‍ക്കറിഞ്ഞിടാം
സംസാരിയാതിരുന്നുള്ളില്‍ കംസാരിയെ നിനയ്ക്കുകില്‍
സംസാരം നീങ്ങുമെന്നുള്ളാസ്സംസാരം നിങ്ങളോര്‍ക്കണം
തനിയേ ജഗദാധാരക്കനിയെക്കരുതീടുകില്‍
ജനിത്രീ ജാരപ്രാപ്തിയിനി വേണ്ടിവരാ ദൃഢം
സൃഷ്ടിച്ചുള്ള ചരാചരങ്ങള്‍ മുഴുവന്‍ കല്‍പ്പാന്തകാലങ്ങളില്‍
ചുട്ടിച്ചാണുദരത്തില്ലവനം ചെയ്യുന്ന ചിത്കാതലേ
കെട്ടിച്ചുറ്റി വലച്ചിടുന്നൊരു മഹാസംസാരപാശം ഭവാന്‍
പൊട്ടിച്ചാര്‍ത്തിയകറ്റണം, കരുണയാ കാര്‍വര്‍ണ്ണ, കാത്തീടണം.

3 comments:

DKM said...

Thank you so much!!

DKM said...

Thank you so much for the time and effort.

DKM said...

from ഭക്തിലഹരി — നടുവത്തു മഹൻ നന്പൂതിരി

ഇമ്മന്നിൽ സമബുദ്ധി, ഭൂതദയ, താനെല്ലാരിലും താഴെയാ--
ണിമ്മട്ടുള്ള വിനീതി, യീശ്വരനിലത്യന്തം ഭയം സർവദാ,
കർമ്മം ചെയ് യണമീ നിലയ് ക്കഖിലവും ദൈവത്തിലർപ്പിയ് ക്കണം,
ശർമ്മം നോക്കുതരും ചരാചരമയൻ വാതാലയാധീശ്വരൻ.

ഈ വിശ്വം തീർത്തു രക്ഷിച്ചതു ഝടിതി മുടിച്ചൊന്നിലും താൻപെടാത്തോൻ
ഭാവിശ്രേയസ്‌ക്കരൻ മസ്‌ക്കരികൾ കരളിലോർക്കുന്നവൻ ഭക്തദാസൻ,
സേവിയ് ക്കത്തക്ക യോഗ്യൻ ജനിമൃതിസുഖദുഃഖങ്ങളില്ലാതെഴുന്നോൻ
ഭൂവിൽപ്പേർകൊണ്ട വാതാലയമടിയരുളും ദേവനാലംബമാർക്കും.

മുഖ്യം മൂന്നൂലകിങ്കൽവെച്ചു പവനാഗാരം കലിദ്ധ്വംസനം
പ്രഖ്യം വാതഭഗന്ദരാദി ഗദസന്താപോപശാന്തിപ്രദം
സൗഖ്യം സന്തതമേകിയാർത്തിപെരുകും സംസാരബന്ധത്തിൽ വൈ--
മുഖ്യം ചേർപ്പതിനുത്തമം സ്ഥലമിതാനന്ദാസ്പദം ചിൽപ്പദം.

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal