ഐതിഹ്യങ്ങളില്‍ ശാപം പറ്റി ഭൂമിയില്‍ വന്ന ഗന്ധര്‍വന്‍. നാടും ഭാഷയും ഉള്ളിടത്തോളം നിലനില്‍ക്കുന്ന കവിത്വം. നാനൂറാണ്ടായി കേരളീയതയുടെ മനസ്സില്‍ കുടികൊള്ളുന്ന പ്രഭ. പതിനാറാം നൂറ്റാണ്ടിലെ കേരളജനതയുടെ മാനസിക-സാംസ്കാരിക പുനരേകീകരണ ശക്തിപ്രഭാവം. സ്വന്തം കവിതയെക്കാള്‍ കവി വളരുന്നതിന് ഉത്തമോദാഹരണം. ആധുനിക മലയാളകാവ്യഭാഷയുടെ അടിത്തറ. എഴുത്തച്ഛന്‍ എന്നറിയപ്പെടുന്ന തുഞ്ചത്താചാര്യന്‍.
(‘പനിക്കൂര്‍ക്ക’ത്തടം ഒരുക്കുന്ന എന്റെ മനസ്സില്‍ ഒളിമായാതെ നില്‍ക്കുന്ന വരികളാണ് ‘പൂര്‍വ്വസൂരികള്‍ക്ക് പ്രണാമം’ എന്ന തലക്കെട്ടില്‍ എടുത്തുചേര്‍ക്കുന്നത്. അതിബൃഹത്തായ ‘രാമായണകാവ്യ’ത്തില്‍ നിന്ന് എന്റെ മനസ്സിലെ കാവ്യസങ്കല്‍പ്പങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഭാഗം ഉദ്ധരിച്ചിരിക്കുന്നു എന്നു മാത്രം.)
രാമായണം- കിഷ്കിന്ധാകാണ്ഡം
സുഗ്രീവസഖ്യത്തിനായി ബാലിയെ മഹേന്ദ്രാസ്ത്രമെയ്ത് രാമന്‍ കൊല്ലുന്നു. തന്നെക്കൂടി വധിക്കുവാന്‍ ബാലിപത്നി, താര രാമനോട് ആവശ്യപ്പെടുന്നു. അവളുടെ ദു:ഖശമനത്തിന് രാമന്റെ തത്വോപദേശം.
ബാലി മരിച്ചതു കേട്ടോരു താരയു-
മോലോലെ വീഴുന്ന കണ്ണുനീരും വാര്‍ത്തു
ദു:ഖേന വക്ഷസി താഡിച്ചു താഡിച്ചു
ഗദ്ഗദവാചാ പറഞ്ഞു പലതരം:
“എന്തിനെനിക്കിനിപ്പുത്രനും രാജ്യവു-
മെന്തിനു ഭൂതലവാസവും മേ വൃഥാ
ഭര്‍ത്താവു തന്നോടുകൂടെ മടിയാതെ
മൃത്യുലോകം പ്രവേശിക്കുന്നതുണ്ടു ഞാന്‍.”
....................................................
.....................................................
“ബാണമെയ്തെന്നെയും കൊന്നീടു നീ മമ
പ്രാണനാഥന്നു പൊറാ പിരിഞ്ഞാലെടോ
എന്നെപ്പതിയോടു കൂടെയയയ്ക്കിലോ
കന്യകാദാനഫലം നിനക്കും വരും
ആര്യനാം നിന്നാലനുഭൂതമല്ലയോ
ഭാര്യാവിയോഗജ ദു:ഖം രഘുപതേ?
വ്യഗ്രവും തീര്‍ത്തു രുമയുമായ് വാഴ്ക നീ
സുഗ്രീവ, രാജ്യഭോഗങ്ങളോടും ചിരം.”
ഇത്ഥം പറഞ്ഞുകരയുന്ന താരയോ-
ടുത്തരമായരുള്‍ചെയ്തു രഘുവരന്‍:
“എന്തിനു ശോകം വൃഥാ തവ? കേള്‍ക്ക നീ
ബന്ധമില്ലേതുമിതിന്നു മനോഹരേ!
നിന്നുടെ ഭര്‍ത്താവു ദേഹമോ ജീവനോ?
ധന്യേ! പരമാര്‍ത്ഥമെന്നോടു ചൊല്ലു നീ
പഞ്ചഭൂതാത്മകം ദേഹമേറ്റം ജഡം
സഞ്ചിതം ത്വങ്മാംസരക്താസ്ഥി കൊണ്ടെടോ
നിശ്ചേഷ്ടകാഷ്ടതുല്യം ദേഹമോര്‍ക്ക നീ
നിശ്ചയമാത്മാവു ജീവന്‍ നിരാമയന്‍.
ഇല്ല ജനനവും മരണവുമില്ല കേ-
ളല്ലലുണ്ടാകായ്കതു നിനച്ചേതുമേ.
നില്‍ക്കയുമില്ല നടക്കയുമില്ല കേള്‍
ദു:ഖവിഷയവുമല്ലതു കേവലം
സ്ത്രീപുരുഷ ക്ലീബഭേദങ്ങളുമില്ല
താപശീതാദിയുമില്ലെന്നറിക നീ.
സര്‍വ്വഗന്‍ ജീവനേകന്‍ പരനദ്വയ-
നവ്യയനാകാശതുല്യനലേപകന്‍
ശുദ്ധമായ് നിത്യമായ് ജ്ഞാനാത്മകമായ
തത്ത്വമോര്‍ത്തെന്തു ദു:ഖത്തിന്നു കാരണം?”
.............................................................
“ധന്യേ! രഹസ്യമായുള്ളതു കേള്‍ക്ക നീ
യാതൊരളവു ദേഹേന്ദ്രിയാഹങ്കാര-
ഭേദഭാവേന സംബന്ധമുണ്ടായ് വരും
അത്രനാളേയ്ക്കുമാത്മാവിനു സംസാര-
മെത്തുമവിവേകകാരണാല്‍ നിര്‍ണ്ണയം.
ഓര്‍ക്കില്‍ മിഥ്യാഭൂതമായ സംസാരവും
പാര്‍ക്ക താനേ വിനിവര്‍ത്തിക്കയില്ലെടോ.
നാനാവിഷയങ്ങളെ ധ്യായമാനനാം
മാനവനെങ്ങനെയെന്നതും കേള്‍ക്ക നീ.
മിഥ്യാഗമം നിജ സ്വപ്നേ യഥാ തഥാ
സത്യമായുള്ളതു കേട്ടാലുമെങ്കിലോ.
നൂനമനാദ്യവിദ്യാബന്ധഹേതുനാ
താനാമഹങ്കൃതിക്കാശു തല്‍ക്കാര്യമായ്
സംസാരമുണ്ടാമപാര്‍ത്ഥകമായതും
സംസാരമോ രാഗരോഷാദിസങ്കുലം
മാനസം സംസാരകാരണമായതും
മാനസത്തിന്നു ബന്ധം ഭവിക്കുന്നതും
ആത്മമനസ്സമാനത്വം ഭവിക്കയാ-
ലാത്മനസ്തല്‍കൃത ബന്ധം ഭവിക്കുന്നു.
രക്താദിസാന്നിദ്ധ്യമുണ്ടാക കാരണം
ശുദ്ധസ്ഫടികവും തദ്വര്‍ണ്ണമായ് വരും.
യാതൊരിക്കല്‍ നിജ പുണ്യവിശേഷേണ
ചേതസി സത്സംഗതി ലഭിച്ചീടുന്നു
മല്‍ഭക്തനായ ശാന്താത്മാവിനു പുന-
രപ്പോളവന്മതി മദ്വിഷയാ ദൃഢം.
ശ്രദ്ധയുമുണ്ടാം കഥാശ്രവണേ മമ
ശുദ്ധസ്വരൂപ വിജ്ഞാനവും ജായതേ.
Thursday, November 1, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment