Wednesday, October 31, 2007

പുനം നമ്പൂതിരി

ചമ്പു; ഗദ്യവും പദ്യവും കൂടിച്ചേരുന്ന കാവ്യഭാഷാപ്രബന്ധം. ഗദ്യവും താളനിബദ്ധം. ആദ്യകാലചമ്പുക്കള്‍ ഉണ്ണിയച്ചി-ഉണ്ണിയാടി ചരിതങ്ങള്‍. പുനം നമ്പൂതിരിയുടെ രാമായണം, അദ്ദേഹത്തിന്റേത് എന്നു പറയപ്പെടുന്ന ഭാരതം, മഴമംഗലത്തിന്റെ നൈഷധം എന്നീ ചമ്പൂകൃതികള്‍ ഏറെ പ്രമുഖം. പ്രൌഢസൌന്ദര്യം, പാട്ടിന്റെ സരളമാധുര്യം. ഇരുപതോളം പ്രബന്ധങ്ങളായി രാമായണം ചമ്പു.

ഉദ്യാനപ്രവേശം- സീതയെ വശത്താക്കുവാന്‍ ഉദ്യാനത്തിലെത്തുന്ന രാവണന്‍.

സീതേ, കാണ്‍, പൂര്‍ണ്ണചന്ദ്രം തെളിവിനൊടു വപു-
ഷ്മന്ത,മീവണ്ണമുണ്ടോ
നാഥേ, രാമാന്തികേ പണ്ടൊരു ദിനമതു ചൊ-
ല്ലോമലേ, നീ യഥാര്‍ത്ഥം
ജാതാനന്ദം കടക്കണ്‍ മമ വപുഷി വഴ-
ങ്ങീടു, മന്ദസ്മിതത്തിന്‍
മാധുര്യം കൊണ്ടടക്കീടയി സുമുഖി, മലര്‍-
ച്ചെഞ്ചരച്ചൂടിദാനീം
പണ്ടാദൌ രാമനമ്പോടയി ബത പഴവി-
ല്ലും ഞെരിച്ചാശു നിന്നെ-
ക്കൊണ്ടോടിപ്പോയ്ക്കഴിഞ്ഞാനധിക്മരിശമാ-
യീ മനോരമ്യശീലേ
വണ്ടാര്‍പൂവേണി തക്കം പരിചൊടു പലനാള്‍
പാര്‍ത്ത്രുന്നേനിദാനിം
കണ്ടേനിത്രെടമെന്നാലിനി മമ ശരണം
നിന്‍ പദം തമ്പിരാട്ടീ
വക്ത്രാംഭോജം മറച്ചീടരുതു കരതലം
കൊണ്ടൂ, കണ്ടോര്‍ പഴിക്കും
മുത്തോലും കൊങ്ക രണ്ടും കമനി, തൊടുകിലോ
പേടിയായ്കോമലേ നീ
പുത്തന്‍ പൂന്തേന്‍ പൊഴിഞ്ഞ മധുരഗിരാ-
ചാരുമാമാശ്വസിപ്പി-
ച്ചുദ്യല്‍സ്നേഹം പുണര്‍ന്നീട,ഖിലചലദൃശാം
മൌലിമാണിക്യമാലേ
കറ്റക്കാര്‍കൂന്തല്‍ നീക്കിത്തിരുമിഴി മുനകൊ-
ണ്ടൊന്നു നോക്കായ്കിലിപ്പോള്‍
ചുറ്റും നില്‍ക്കുന്ന മൈക്കണ്ണികള്‍ പഴി പറയും
നിര്‍ണ്ണയം പുണ്യശീലേ
മുറ്റും നീയെന്നി മുറ്റിപ്പുതുമധുമൊഴിമാ-
രാരിവണ്ണം വെടിഞ്ഞോ-
രൂറ്റത്തൊടിത്ര നാളും? കുളി കുറിയിടെഴു-
ന്നീല്‍ക്ക പോകോമലേ നാം
ത്രൈലോക്യശ്രീ കളിക്കും കളിനിലമബലേ
മാറിടം മാമകീനം
കേളസ്മിന്‍ കാമകോലാഹല വിരതിവിധൌ
വിശ്രമിക്കാമശങ്കം
മേലേ മേലേ വിശേഷം പലവുമനുഭവി-
പ്പിപ്പതിന്നോര്‍ക്കിലെന്നെ-
പ്പോലേ മറ്റാരിദാനീമുലകില്‍! വിരുതെനി-
ക്കെന്നതോര്‍ത്തീടെടോ നീ
ഒന്നങ്ങോര്‍ക്കേണമിപ്പോളയി സുമുഖി വൃഥാ
രാവണന്‍ കൊന്നു പച്ചേ
തിന്നുമ്പോലെന്നു കണ്ടോര്‍ പറയു,മതുകണ-
ക്കാക്കൊലാ വല്ലഭേ നീ
എന്നും ബോധം വരാ ഞാന്‍ പറകിലതു നിന-
ക്കൊന്നു നോക്കീടു മെല്ലെ-
ന്നെന്നെക്കാമിച്ചിതല്ലോ വിചരതി വിബുധ-
സ്ത്രീജനം പാര്‍ശ്വഭാഗേ
സ്വര്‍ഗ്ഗസ്ത്രീവര്‍ഗ്ഗമല്ലോ തവ വിളിപണി ചെ-
യ്യുന്നതെന്നെപ്പുണര്‍ന്നാല്‍
മിക്കപ്പോഴും തലോടും ചരണസരസിജം
പൂര്‍ണ്ണപീയൂഷധാമാ
മൈക്കണ്ണാര്‍മൌലി മണ്ഡോദരി കരകമലം
താങ്ങുവാനോര്‍ത്തുകാണുള്‍-
പ്പുക്കേ കാണാവിതോരോ രസസരണി മഹി-
മാരമാണിക്യമാലേ!
...........................................................
...........................................................

രാക്ഷസേശ്വര, നിനക്കു ഹിതം നീ-
യോര്‍ക്ക കഷ്ട,മിതതീവ വിശേഷാല്‍
മാര്‍ഗ്ഗമായ് ചില പതിവ്രതമാരെ-
ക്കാല്‍ക്കലിട്ടു പിലയാട്ടുക യോഗ്യം
ഭീമാ രാക്ഷസജാതി നീ പുനരതില്‍-
പ്പോന്നും പിറന്നിങ്ങനെ
കാമഭ്രാന്തു പിടിച്ചു മൂവുലകിലും
ഗത്വാ കുലസ്ത്രീകുലം
സാമര്‍ത്ഥ്യേന പിടിച്ചുപൂണ്ടഖിലമാ-
ട്ടിക്കൊണ്ടുപോരുന്നതിന്‍
പേര്‍ മറ്റൊ,ന്നിവിടം നശിക്കുമധുനാ
നിര്‍ണ്ണീത,മോര്‍ത്തീടെടോ...

2 comments:

വല്യമ്മായി said...

നല്ല ഉദ്യമം.കൂടുതല്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു

വേണു venu said...

ഇഷ്ടമായി.തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal