Saturday, October 6, 2007

പനയോലത്തുഞ്ചത്തെ തുമ്പി

മടിയില്‍പ്പറന്നുവീണൊരെഴുത്തോല
ഏറ്റവും വിലപ്പെട്ട വരിയേറ്റുവാങ്ങി
പനയിലേയ്ക്കുതന്നെ പറന്നുപോയി.
ആലോലമോലത്തുമ്പില്‍ വളര്‍ന്ന
അക്ഷരപ്പിറപ്പില്‍ നി-
ന്നാത്മദാഹമുക്തി തേടി
കാലദൂരം കനം തൂങ്ങി
വേഗമറ്റ ചിറകിലേറി
ആകാശപ്പനത്തുഞ്ചത്തണയും
തുമ്പിയെത്തിരിച്ചറിഞ്ഞ്
വിട്ടുപോയ കയ്യൊപ്പ്
ചോദിച്ചുവാങ്ങുന്നേരം
നാരായപ്പിറവി പറയും
“അറിയാമായിരുന്നു
തേടിവരുമെന്നൊടുവിലെങ്കിലും
സ്വവര്‍ഗ്ഗത്തിന്റെ പനയിലേയ്ക്ക്
സ്വര്‍ഗ്ഗം തേടിപ്പറന്നൊരീ-
യോലയിലെന്നെക്കുറിച്ചവനെ
വെയിലിലും വെണ്മേഘദൂതിലും
കാറ്റിലും പച്ചപ്പനംകിളിപ്പാട്ടിലു-
മുണ്ടായിരുന്നിട്ടുമിത്ര നാ-
ളറിയാതെ പോയി ഞാന്‍.

ദാഹം തീര്‍ത്തയയ്ക്കുവാനിവിടെ
മരം കിനിഞ്ഞ നീരു മാത്രം
മട്ടടിഞ്ഞൊരക്കാനിയുടെ
മധുരം നീ മടുത്തെങ്കിലും
എഴു,ത്തച്ഛനു പ്രിയപ്പെട്ടതു
വേറെ,യല്ലാതെന്തു നല്‍കാന്‍?”

No comments:

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal