Tuesday, October 30, 2007

ഗാഥയുടെ കൃഷ്ണവര്‍ണ്ണം- ചെറുശ്ശേരി

കാലഗണനയില്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് പണ്ഡിതമതം. ഒരൊറ്റ കൃതി തന്നെ ഗാഥ എന്ന പാട്ടുകാവ്യപ്രസ്ഥാനമായി മാറിയ ചരിത്രം. അന്ന് നിലവിലുണ്ടായിരുന്ന മറ്റ് പ്രസ്ഥാനങ്ങളിലെ നല്ല അംശങ്ങള്‍ സമന്വയിപ്പിച്ച തെളിഞ്ഞ ഭാഷ.

അക്രൂരന്‍ അമ്പാടിയില്‍.....

ആഴിനേര്‍വര്‍ണ്ണന്റെ ചേവടിത്താരിണ
പൂഴിയില്‍ക്കാണായി പൂകുന്നേരം
തേരില്‍ നിന്നന്നേരം പാരിലിറങ്ങീട്ടു
പാരാതെ കുമ്പിട്ടു കൂപ്പി നിന്നാന്‍
ആഴം പൂണ്ടീടുന്നോരാമോദം തന്നാലേ
പൂഴിയില്‍ വീണു പുരണ്ടാന്‍ ചെമ്മേ
പിന്നെയെഴുന്നേറ്റു ധന്യമായുള്ളോരു
നന്ദന്റെ മന്ദിരം തന്നെക്കണ്ടാന്‍
കാലി കറന്നുള്ളോരൊച്ചയുണ്ടെങ്ങുമേ
ബാലന്മാര്‍ കോലുന്ന ലീലകളും
ഒന്നിനോടൊന്നു കലറ്ന്നു കളിക്കുന്ന
കന്നും കിടാക്കളുമുണ്ടെങ്ങുമേ
കാളകള്‍ തങ്ങളില്‍ കുത്തിക്കുതര്‍ന്നിട്ടു
ധൂളിയെഴുന്നുമുണ്ടോരോ ദിക്കില്‍
ധേനുക്കളെച്ചെന്നു ചാലെക്കറപ്പാനായ്
ചേണുറ്റ പാല്‍ക്കുഴ ചേര്‍ത്തു കയ്യില്‍
ചാലേ മുറുക്കിന കാഞ്ചിയുമായുള്ള
നീലവിലോചനമാരുണ്ടെങ്ങും
ഗോക്കളെപ്പേര്‍ ചൊല്ലി നീളെ വിളിക്കയും
പാല്‍ക്കുഴ താവെന്നു ചൊല്ലുകയും
ചേല്‍ക്കണ്ണിമാരുടെ വാക്കുകളിങ്ങനെ
കേള്‍ക്കായി വന്നുതേ പാര്‍ക്കുംതോറും.

---------------------------------
പുനസ്സമാഗമം

അമ്പാടി ഓര്‍മ്മയായി. കണ്ണന്‍ ദ്വാരകയില്‍. കാണണമെന്ന് യശോദയ്ക്കും ആഗ്രഹം. സൂര്യഗ്രഹണം കഴിഞ്ഞുള്ള തീര്‍ത്ഥസ്നാനത്തിന് ഭാര്‍ഗ്ഗവ തീര്‍ത്ഥത്തില്‍ ഒത്തുചേര്‍ന്ന വേള. കൂടിക്കാഴ്ച.

കോപിച്ചു പണ്ടു താന്‍ കോലുമായ് ചെല്ലുമ്പോള്‍
വേപിച്ചു മാറുന്ന മേനി തന്നെ
ചാലെപ്പിടിച്ചങ്ങു പൂണ്ടുനിന്നീടിനാള്‍
ബാലനായുള്ള നാളെന്ന പോലെ
“പാരിച്ചു നിന്നുള്ള പാഴമ ചെയ്കയാല്‍
പാശത്തെക്കൊണ്ടു പിടിച്ചുകെട്ടി
തിണ്ണം വലിച്ചുമുറുക്കി ഞാന്‍ നില്‍ക്കയാല്‍
ഉണ്ണിപ്പൂമേനിയില്‍ പുണ്ണില്ലല്ലീ?“
എന്നങ്ങുചൊല്ലിത്തലോടിത്തുടങ്ങിനാള്‍
നന്ദനന്‍ തന്നുടെ മേനി തന്നെ.
എന്മടി തന്നില്‍ ഞാന്‍ നന്നായി വച്ചുകൊ-
ണ്ടെന്മകന്‍ വാഴ്കെന്നു ചൊല്ലും നേരം
എന്മുഖം നോക്കീട്ടു പുഞ്ചിരി തൂകുന്ന
നന്മുഖം കാണട്ടെയെന്നു ചൊല്ലി
അമ്മുഖം തന്നെ മുകര്‍ന്നു തുടങ്ങിനാള്‍
അമ്മയായുള്ള യശോദയപ്പോള്‍
നന്മധു തൂകിവന്നെന്മടി തന്നിലായ്
നന്മുലയുണ്ടു ചിരിക്കുന്നേരം
തിണ്ണമെന്മാറിലണച്ചു നിന്നീടുന്നോ-
രുണ്ണിക്കൈ കാണട്ടെയെന്നു ചൊല്ലി
മെല്ലെന്നടുത്തു പുണര്‍ന്നു നിന്നീടിനാള്‍
പല്ലവം വെല്ലുന്ന പാണി തന്നെ
എന്നുടെ ചേലയില്‍ ചേറു തേച്ചീടിനോ-
രുണ്ണിക്കാല്‍ കാണട്ടെയെന്നു ചൊല്ലി
സമ്മോദം പൂണ്ടു മുകര്‍ന്നു നിന്നീടിനാള്‍
തന്മകന്തന്നുടെ പാദങ്ങളെ.
..........................................
..........................................

3 comments:

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

അമ്മയ്ക്കു നല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍
നന്ദന്‍തന്‍ കൈയിലേ നല്‍കിച്ചൊന്നാന്‍
നല്‍ച്ചേല നാലുമെന്നമ്മതന്‍ കൈയിലേ
ഇച്ഛയില്‍ നല്‍കേണമിന്നുതന്നെ
എന്നമ്മ തന്നോടു ചൊല്ലേണം പിന്നെ നീ എന്നെ മറക്കൊല്ലാ എന്നിങ്ങനെ.
പാല്‍വെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളില്‍ പാരമെനിക്കെന്നു ചൊല്‍ക പിന്നെ
പിള്ളെരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു പീലികൊണ്ടെന്നെയടിച്ചാളമ്മ
ദണ്ഡമായെന്നതിനന്നു നീ നല്‍കിയ
കണ്ടിക്കന്‍ ചേല മറക്കൊല്ലാ നീ...

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

L.P classil malayaalam teacher eenathil cholliyirunnathOrma vannu thanks
അമ്മയ്ക്കു നല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍
നന്ദന്‍തന്‍ കൈയിലേ നല്‍കിച്ചൊന്നാന്‍
നല്‍ച്ചേല നാലുമെന്നമ്മതന്‍ കൈയിലേ
ഇച്ഛയില്‍ നല്‍കേണമിന്നുതന്നെ
എന്നമ്മ തന്നോടു ചൊല്ലേണം പിന്നെ നീ എന്നെ മറക്കൊല്ലാ എന്നിങ്ങനെ.
പാല്‍വെണ്ണയുണ്ണാഞ്ഞു വേദനയുണ്ടുള്ളില്‍ പാരമെനിക്കെന്നു ചൊല്‍ക പിന്നെ
പിള്ളെരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു പീലികൊണ്ടെന്നെയടിച്ചാളമ്മ
ദണ്ഡമായെന്നതിനന്നു നീ നല്‍കിയ
കണ്ടിക്കന്‍ ചേല മറക്കൊല്ലാ നീ...

Sapna Anu B.George said...

എന്റെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന മകന് ഈ പദ്യത്തിലെ ചിലവരികള്‍ മലയാള പാഠാവലിയില്‍ പഠിക്കാനുണ്ട്. അവന്‍ ചില്ലിക്കൊടുത്തു.‍‍

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal