Sunday, October 14, 2007

ഭൂപട സമസ്യ

മകനേ
ഇതു നിന്റമ്മേടെ ഭൂപടം
ഇതില്‍ നീ ചെയ്യേണ്ടതിത്രമാത്രം
പല്ലിട കുത്തി മണത്തു മടുത്ത
കോലൊന്നുകൂടി കൂര്‍പ്പിച്ചൊരുക്കി
തയ്യാറെടുക്കുക.

പാടം നികത്തിയേടങ്ങള്‍ കുത്തു-
പാടിട്ടടയാളപ്പെടുത്തുക
വറ്റിയ പുഴകള്‍ക്കു വര, കയ്യേറിയ
വനത്തിനു പൂജ്യവട്ടം, വാറ്റു-
കേന്ദ്രത്തിനു ഗുണനചിഹ്നം, കൂട്ട-
മരണത്തിനും കുടുംബമായ്
ആത്മഹത്യക്കും കുനുകുനാ
കുത്ത്, കുമാരിമാരെക്കൂട്ടി-
ക്കൊടുത്തു വാണിഭത്താല്‍
പേരുകേട്ട പ്രദേശമെങ്കില്‍
താരചിഹ്നം കൊടുക്കുക
കരിമണലിനായ് കാര്‍ന്ന
കടലോരം കണ്ടുവെട്ടുക
കാത്തുപോറ്റിയ മക്കള്‍ തമ്മില്‍
കഴുത്തുവെട്ടി മരിച്ച നാടുകള്‍
നിരത്തി വെട്ടുക, നെടുകേ
അതിവേഗരാജപാത
നെടുനീളെയടയാള-
പ്പെടുത്തുക, പിന്നെയും
ഇക്കടലാസൊരൊറ്റത്തുണ്ടായ്-
ത്തന്നെ ശേഷിക്കുന്നെങ്കില്‍
പത്രാധിപന്റെ പേര്‍ക്കയച്ചു
കാത്തിരിക്കുക, സമ്മാന-
പ്പൊതി കയ്യില്‍ കിട്ടുമ്പോള്‍
പൊട്ടാതെ മെല്ലെത്തുറന്നു
നോക്കുക, ഞെട്ടരുത് നിന്‍
തലവിധിയോല കണ്ടാല്‍...

2 comments:

സന്തോഷ് നെടുങ്ങാടി said...

മ്രിദുവായാണെങ്കിലും കൂര്‍ത്ത നഖങ്ങളാല്‍ കോറി വരക്കുന്നുണ്ട് താങ്കളുടെ ഈ കവിത.
“നിന്റ അമ്മെടെ ഭൂപടം“ എന്ന തലവാചകത്തോളം ശക്തി ഭൂ‍പട സമസ്യക്കുണ്ടൊ?

Panikkoorkka said...

kavithayude title 'bhoopata samasya' ennaanu. kavithayude thudakkam 'makane, ithu nintammaede bhoopatam' ennum. athu 'label' aayi koduthu ennu maathram.

nandi, nalla vaakkukalkku.

....nakhangal kooduthal moorcha varuthikkondirikkunnu...

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal