Saturday, August 4, 2007

കോക് ടെയില്


ശമ്പളദിനം സുഭിക്ഷം ബാറില്‍
നരച്ച വെട്ടമൊരുപിടി കൊറിച്ച്
തണുത്തുറഞ്ഞ മോഹക്കട്ടകള്‍
പെറുക്കിയിട്ടു കത്തും നേരിന്‍
ചവര്‍പ്പു മോന്തി മയങ്ങിയാലും
വിളിച്ചുണര്‍ത്തിപ്പയ്യനേകും
സുഖിച്ചതിന്റെ കണക്കുചീട്ട്
നിതാന്ത സത്യം.

പ്രാകിത്തുറക്കുന്ന വീട്ടുകതക്
സമയസൂചിമുനനോട്ടമോടവള്‍
ചട്ടികള്‍ മുട്ടിക്കലമ്പിച്ചിന്തും
പരാതികള്‍ക്കൊപ്പം വിളമ്പും
പാതിവെന്തൊരമേരിക്കന്‍ പേറ്റന്റ്
ചോറിലലിയാത്ത ദണ്ഡിയുപ്പ്.

ചോന്നമുളകൊന്നു തെറ്റിക്കടിച്ച്
നീറുന്നു തൊണ്ട നാലാം ലോകത്തു
തങ്ങുമാഗോളീകൃതച്ചോറുരുള
താഴോട്ടില്ല മേലോട്ടും വിഴുങ്ങാന്‍
ജപ്പാന്‍ കുടിനീര്‍ തന്നടുത്തു ചേര്‍ന്നു
വാമഭാഗമെന്‍ കീശനാണ്യനിധി
ചോര്‍ത്തുന്നു ചെലവൊത്തേറുന്നില്ല
ശമ്പളം പിന്നാശ്രയം പടി കിമ്പളം.

നടുവൊന്നു നീര്‍ക്കാന്‍ കിടന്നപ്പോള്‍
ചുറ്റും കൊതുകാര്‍ത്തു രാമായണം
കഥപാടിക്കടിച്ചുറക്കത്തിനെ
കാവിചുറ്റിച്ചു കൊണ്ടുപോയ്.

കാലത്തു ഭാര്യ ചോദിച്ചിന്നലെ
കഴിച്ചതെന്തു കുന്തമാണുറക്കത്തില്‍
കവിതയായ് പിച്ചും പേയും പാടി
പിന്നെപ്പേടിച്ചു കൂവിക്കരഞ്ഞത്രേ.

മുഗള്‍ മൊണാര്‍ക്കിന്‍ മീതേ
ലണ്ടന്‍ പില്‍സ്നറുമൊരൌണ്‍സ്
ഡച്ച് വൈന്‍ സമം ഫ്രഞ്ച് കോന്യാക്ക്
കൂട്ടിനു ഫെനി പരന്ത്രീസ്
വോഡ്ക റഷ്യന്‍ വീര്യവും
വര്‍ണ്ണമതേതരം സോഡയും
പേരിനായ് മരുന്നിനു ദേശി
ദശമൂലാരിഷ്ടവും ചേര്‍ത്തു കൂട്ടിയ
കോക് ടെയില്‍ തന്‍ സ്വാദു നാവില്‍
തങ്ങുമിന്ത്യന്‍ സാധു ഞാന്‍.

തലേലെഴുത്തിന്റെ ചരിത്രവും
തലേന്നു കഴിച്ച മദ്യവും
ഉറക്കം വിട്ടുണര്‍ന്നാലും
തുടരുന്നു ഹാങ്ങോവറായ്.

4 comments:

കുട്ടനാടന്‍ said...

തലേലെഴുത്തിന്റെ ചരിത്രവും
തലേന്നു കഴിച്ച മദ്യവും
കാലത്തു ഭാര്യേടെ ചോദ്യവും
സാധാരണ മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു

Pramod.KM said...

ഹാങ്ങോവറ് വിടും മുമ്പേ
തുടങ്ങുന്നൂ വീണ്ടും കഥ.:)

Kuzhur Wilson said...

ശിവകുമാറിന്‌ അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ്‌

നിറയെ കവിതയുണ്ടാകട്ടെ

[ nardnahc hsemus ] said...

അതിശക്തമായ പ്രയോഗങള്‍, ബിംബങള്‍...
wish you all the best to write more and more!

panikkoorka

പനിക്കൂറ്ക്ക http://panikkoorka.blogspot.com Malayalam Poetry en-us Sivakumar Ambalapuzha || This RSS feed has been created by RSS Creator at http://www.LeighRSS.com Fri, 11 Dec 2009 11:00:48 -0000 Fri, 11 Dec 2009 11:00:48 -0000 Sivakumar Ambalapuzha Sivakumar Ambalapuzha panikkoorkka http://panikkoorkka.blogspot.com Malayalam Kavithakal