മനോമോഹനന് പിള്ള എന്ന മോഹനന്
അമ്പലപ്പുഴ ഗ്രാമത്തില് അങ്ങനെയൊരാള് ഉണ്ടായിരുന്നു. കൂലിപ്പണി, ഗുണ്ട(?), നടന്, കടുവകളി കലാകാരന്, വിത്തുകാളക്കാരന്..... ഇതൊക്കെയായിരുന്നു മോഹനന്. നാട്ടിന്പുറത്തെ കലാസമിതിയുടെ നാടകമത്സരം. മോഹനന്റെ നാടകം ‘അഞ്ചു തെണ്ടികള്’. അമ്പലപ്പുഴ ക്ഷേത്രമതിലില് നാടകത്തിന്റെ പരസ്യം പച്ചില കൊണ്ടെഴുതിയിരുന്നു. ഏതോ കുബുദ്ധികള് അതില് തിരുത്ത് വരുത്തി. തിരുത്തിനു ശേഷം വായിച്ചാല് മഹാ അശ്ലീലം. നാടകം വേദിയിലെത്തും മുമ്പുള്ള അനൌണ്സ്മെന്റില് മോഹനന് അതും പരാമറ്ശിച്ചു. കളി തുടങ്ങിയതു മുതല് കാണികളിലൊരു വിഭാഗം കൂവാനും തുടങ്ങി. വേദിയിലുണ്ടായിരുന്ന മോഹനന് ഒരു കൂസലുമുണ്ടായില്ല. പക്ഷേ കൂവല് ദുസ്സഹമായപ്പോള് സംഘാടകറ് കറ്ട്ടനിട്ടു. എന്നിട്ടോ? മോഹനന് കറ്ട്ടനുയറ്ത്തി പുറത്തുവന്നു നിന്ന് അഭിനയം തുടറ്ന്നു. വീണ്ടും കൂവല്. മോഹനന് സ്റ്റേജ് വിട്ട് താഴെവന്ന് അഭിനയം തുടര്ന്നു. കൂവലും തുടര്ന്നു. മോഹനന് അഭിനയം നിറുത്തി ഉറക്കെ കൂവി. ആറ്ക്ക് കഴിയും ഇങ്ങനെ?
ഓണക്കാലമായാല് മോഹനന്റെ നേതൃത്വത്തില് ‘കടുവകളി സംഘമിറങ്ങും. അവിടങ്ങളില് പുലിക്കളിയില്ല. തോക്ക്, വട്ടത്തൊപ്പി, കോട്ട്, പാന്റ് ഒക്കെയായി ഒരു സായിപ്പ് അഥവാ നായാട്ടുകാരന്. ഒരു കടുവ. ‘റ്റണറ്റണ്ടണ റ്റണറ്റന്റണ’ എന്ന് ഒരു മേളവും. തടി കൊണ്ടുണ്ടാക്കിയ തോക്കിന്റെ പാത്തിയുടെ ചുവട്ടില് ഒരു തകരക്കഷ്ണമുറപ്പിച്ചിരിക്കും. അതിനിടയില് ഉണ്ടപ്പടക്കം വെക്കും. ക്ലൈമാക്സില് പാത്തി നിലത്ത് ആഞ്ഞ് കുത്തിയാണ് വെടിവെക്കുക. കടുവയെ പേടിച്ച് മോഹനന് സായിപ്പ് അടയ്ക്കാമരത്തില് നിമിഷനേരം കൊണ്ട് കയറിപ്പറ്റുന്നത് കണ്ട് കാണികള് ആറ്ത്ത് ചിരിക്കും. മറ്റ് ഒരുപാട് തമാശകളും ഉണ്ടാവും മോഹനന്റെ വക. ആമയിടക്കാരന് മറ്റൊരു മോഹനന് ആണ് കടുവയെങ്കില് കളി കൊഴുക്കും. അക്രോബാറ്റിക് കടുവ. നിലത്തു അഞ്ചുരൂപനോട്ട് വെച്ച് അതിനുമേല് ചെറുനാരങ്ങ വെക്കും. നാരങ്ങയനങ്ങാതെ കടുവ കൈകാലുകള് നിലത്തൂന്നി മലറ്ന്ന് വില്ലുപോലെ വളഞ്ഞ് നോട്ട് നക്കിയെടുക്കും.
കൂറ്റനായ വിത്തുകാളയുമായി മനോമോഹനന് നെഞ്ചുവിരിച്ച് നടന്നുവരുന്നത് കുഞ്ഞുനാളില് അദ്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.
ഒടുവില് എന്തു വൈരമെന്നറിയില്ല... രാഷ്ട്രീയമോ അതോ വൈയക്തികമോ... വടക്കേനട ഇടവഴിയില് ഒളിക്കത്തിയ്ക്ക് ഇരയായി മനോമോഹനന് പിള്ളയെന്ന മോഹനന്.....
Friday, December 4, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment